അമ്മയിലെ കൂട്ടരാജിക്ക് പിന്നാലെ തുറന്ന കത്തുമായി നടൻ ടിനി ടോം രംഗത്ത്. ഇനി സംഘടനയിൽ സാധാരണ വ്യക്തിയായി മാത്രമേ തുടരുകയുള്ളൂവെന്നും അനീതികള്‍ക്കെതിരെ ശബ്ദിച്ചതിന്റെ പേരില്‍ ചിലര്‍ തന്നെ ലക്ഷ്യം വെച്ചുവെന്നും ടിനി ആരോപിക്കുന്നു.
ഔദ്യോഗിക ഭാരവാഹിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞെങ്കിലും അമ്മയിലെ അംഗങ്ങളുടെ വിളികള്‍ താൻ അവഗണിക്കില്ലെന്നും, തനിക്കാവുന്ന വിധത്തില്‍ എപ്പോഴും ഒരു സഹോദരനെപ്പോലെ കൂടെയുണ്ടാകുമെന്നും ടിനി പറഞ്ഞു.
'ആദ്യം നിങ്ങള്‍ എല്ലാവരോടും ഞാന്‍ നന്ദി അറിയിക്കട്ടേ, അമ്മയില്‍ നടന്നിട്ടുള്ള എല്ലാ തെരെഞ്ഞെടുപ്പുകളിലും വലിയ ഭൂരിപക്ഷത്തില്‍ എന്നെ വിജയിപ്പിച്ചതിനു 2018 മുതല്‍ ഇന്നലവരെ അമ്മയുടെ എക്സിക്യൂട്ടീവില്‍ ലാലേട്ടന്റെ കീഴിലും ഇപ്പോള്‍ ശ്വേത മേനോന്റെ കീഴിലും സത്യസന്ധമായി എനിക്ക് കഴിയും വിധം നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിച്ചു. അനീതികള്‍ക്കെതിരെ ഞാന്‍ ശബ്ദിച്ചതിന്റെ പേരില്‍ ഞാന്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടിരിന്നു.
ആരോപണങ്ങള്‍ പോലീസ് എഫ്ഐആർ എടുക്കാതെ നിരുപാധികം തള്ളി കളയുകയും എനിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. ഇതൊന്നും ഞാന്‍ ഒരു ചാനലിലും വിളമ്പാന്‍ പോയിട്ടില്ല. എല്ലാം ദൈവത്തിനും നീതിക്കും മാത്രം വിട്ടു കൊടുത്തു. സത്യമേ ജയിക്കൂ അതാണ് തെളിഞ്ഞത്.
ഇനി നിങ്ങളോട് ക്ഷമ ചോദിക്കുകയാണ് ആരോടും പറയാതെ ഇറങ്ങി പോകുന്നതില്‍, എന്ന് കരുതി നിങ്ങളുടെ വിളികള്‍ ഞാന്‍ അവഗണിക്കില്ല, എനിക്ക് പറ്റുന്ന വിധത്തില്‍ ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാകും. എന്ന് നിങ്ങളുടെ സ്വന്തം സഹോദരന് ടിനി ടോം'. കത്തിൽ കുറിച്ചത് ഇങ്ങനെയായിരുന്നു.
കാലാവധി പൂര്‍ത്തിയാകാന്‍ രണ്ട് വര്‍ഷം ബാക്കി നില്‍ക്കെയാണ് കഴിഞ്ഞ ദിവസം അമ്മയുടെ 17 അംഗ ഭരണസമിതിയും ഒന്നിച്ച് രാജിവെച്ചത്. ജോയിന്റ് സെക്രട്ടറിയായ അന്‍സിബ ഹസന് നേരത്തെ തന്നെ രാജിവെച്ചിരുന്നു. അവിശ്വാസ പ്രമേയത്തെ നേരിടാതെയാണ് മുഴുവന്‍ അംഗങ്ങളും ഒഴിഞ്ഞത്.